കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Wednesday, December 1, 2010

ഉപകാരത്തിന്റെ കഥ.... അനുബന്ധം....

                        കുഞ്ഞുങ്ങളേ, ഒരു ജീവജാലത്തെയും ഉപദ്രവിക്കരുത് എന്ന സന്ദേശമാണ് ഈ കഥയുടെ ഉദ്ദേശ്യം. ഇന്ന് നമ്മുടെ ജീവിതത്തില്‍ ഈച്ചയെക്കൊണ്ട് പ്രത്യേകിച്ച് വലിയ ഉപകാരം ഒന്നും തന്നെയില്ല. എന്നാല്‍ വൃത്തിയില്ലാത്ത ചുറ്റുപാടില്‍ മുട്ടയിട്ട് പെരുകുന്ന ഇവ പലപ്പോഴും പലതരം അസുഖങ്ങള്‍ പരത്തുകയും ചെയ്യും. അതായത്, നമ്മുടെ പരിസരം നാം ശുചിയായി സൂക്ഷിച്ചാല്‍ അവിടെ ഈച്ചകള്‍ ഉണ്ടാവില്ല തന്നെ. വൃത്തിയില്ലാത്ത ചുറ്റുപാട് ഉണ്ടാക്കിയിട്ട് ഈച്ചയെ പഴിച്ചിട്ട് കാര്യമില്ല. അതിന് വളരാനുള്ള അന്തരീക്ഷമുണ്ടായാല്‍ ഈച്ച പെരുകുക തന്നെ ചെയ്യും. (കൂട്ടുകാരേ, ഇനി, ഈച്ചയെക്കൊണ്ട് മനുഷ്യന് എന്തെങ്കിലും ഉപയോഗം ഉണ്ടെങ്കില്‍ അത് കമന്റിലൂടെ പങ്കു വയ്ക്കണേ).
                      ഇനി നമുക്ക് ഇവനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം... ലോകത്ത് ഏതാണ്ട് 3 ലക്ഷം ഇനത്തിലുള്ള ഈച്ചകള്‍ ഉണ്ട്. ഒരിഞ്ചിന്റെ ഇരുപതിലൊരംശം മുതല്‍ മൂന്നിഞ്ച് വരെ നീളമുള്ളവ. 30 ദിവസത്തോളം വരെ ആയുസ്സുള്ള ഇവ തന്റെ ജീവിതകാലത്തില്‍ ഏതാണ്ട് 3000 മുട്ടകള്‍ വരെയിടും; ഒറ്റത്തവണ 75 മുതല്‍ 150 വരെ മുട്ടകളിടും!!! സാധാരണ ഷഡ്പദങ്ങള്‍ക്ക് നാല് ചിറകുകള്‍ ഉള്ളപ്പോള്‍ ഈച്ചയ്ക്ക് രണ്ട് ചിറകുകളേ ഉള്ളൂ. സെക്കന്റില്‍ 200 പ്രാവശ്യം വരെ ചലിപ്പിച്ചാണ് ഇവന്റെ പറക്കല്‍. നിലം തൊട്ടാലുടനേതന്നെ ചിറകടി നിശ്ചലമാകുകയും ചെയ്യും.
നാനൂറ് ലെണ്‍സുകളോളമുള്ള രണ്ട് കണ്ണുകളാണ് ഇവനുള്ളത്. കാഴ്ചശക്തിയില്‍ അത്ര മെച്ചമല്ലെങ്കിലും പെട്ടെന്നുള്ള ചലനങ്ങള്‍ ഇവന് തിരിച്ചറിയാനാകും. കൊമ്പുകള്‍ കൊണ്ടാണ് ഇവ മണം പിടിക്കുന്നത്.
നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അവിടെ ഈച്ചയുണ്ടാവും. അത് മാലിന്യങ്ങളില്‍ വസിച്ച്, പലതരം അസുഖങ്ങളും പരത്തും. ഈച്ചയെ നശിപ്പിക്കുന്നതിനെക്കാള്‍ നല്ലത് ഈച്ചയ്ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ്. ടൈഫോയ്ഡ്, കോളറ, മലമ്പനി, ക്ഷയം, ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതില്‍ മറ്റ് ചില ജീവികള്‍ക്കും ഉള്ളത് പോലെ തന്നെ ഈച്ചയ്ക്കും വലിയ പങ്കുണ്ട്.

ഈച്ചയെക്കുറിച്ചുള്ള ഒരു ചെറിയ ചിത്രീകരണം കാണാം...

ഈച്ച ആഹാരം കഴിക്കുന്നത് കാണൂ...
ഈച്ചയ്ക്ക് വായ കൊണ്ട് ഭക്ഷിക്കാന്‍ പറ്റാത്തതിനാല്‍ അവ ആഹാരത്തിലേയ്ക്ക് ഉമിനീര്‍ വര്‍ഷിക്കുന്നു. അങ്ങനെ അലിയുന്ന ആഹാരം ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഇതാ, ഇത് പോലെ...

ഇനി ഇവനെയൊന്ന് വരച്ച് നോക്കിയാലോ...