കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Saturday, May 1, 2010

കൊറ്റിയും കുറുക്കനും ... (അനുബന്ധം)

നീണ്ട് കൂര്‍ത്ത കൊക്കുകളുള്ള സുന്ദരി പക്ഷിയാണല്ലോ കൊറ്റി. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വളരെയധികം കണ്ടുവരുന്ന ഇവയുടെ പ്രധാന ആഹാരം പാടത്തും മറ്റും കാണുന്ന ചെറുമത്സ്യങ്ങള്‍, പ്രാണികള്‍, ചെറിയ പാമ്പുകള്‍, വിത്തുകള്‍, ചെടികള്‍, ധാന്യങ്ങള്‍ മുതലായവയാണ്.
ഒരു പാമ്പിനെ വിഴുങ്ങുന്ന ഈ മിടുക്കന്റെ ഒന്നു കണ്ട് നോക്കൂ...



ലോകത്താകെ പ്രധാനമായി ഏതാണ്ട് പതിനഞ്ച് ഇനത്തിലുള്ള കൊറ്റികളുണ്ട്. മികച്ച ദേശാടനപ്പക്ഷികളാണ് കൊറ്റികള്‍. ചിലയിനം കൊറ്റികള്‍ ഏതാണ്ട് ഇരുപതിനായിരം അടി ഉയരത്തില്‍ മൈലുകളോളം നിര്‍ത്താതെ പറക്കുന്നു. ലോകം മുഴുവനും കാണപ്പെടുമെങ്കിലും, തെക്കേ അമേരിക്കയിലും അറ്റ്ലാന്റിക്കിലും മാത്രം ഇവ ഇല്ല തന്നെ. തെക്കന്‍ അമേരിക്കയിലും അറ്റ്ലാന്റിക്കിലും ഇവയുടെ ഫോസിലുകള്‍ പോലും കണ്ടെത്തിയിട്ടില്ലത്രേ.
സാധാരണയായി, ഒറ്റത്തവണ രണ്ട് മുട്ടകളാണ് ഇടുന്നതെങ്കിലും, നാലു മുട്ടകള്‍ ഇടുന്നതും വിരളമല്ല. നാല് - അഞ്ച് ആഴ്ച്ചകൊണ്ട് മുട്ടകള്‍ വിരിയുന്നു. ഇവയുടെ ശരാശരി ആയുസ്സ് ഇരുപത് വര്‍ഷം വരെയാണ്. ഇതിലും വളരെയധികം വര്‍ഷം ജീവിച്ച കൊറ്റികളുടെ ചരിത്രവും ഉണ്ട്. രണ്ട് വയസ്സായ കൊറ്റികള്‍ പ്രായപൂര്‍ത്തിയായി മുട്ടയിട്ട് തുടങ്ങും.

കുറുക്കന്മാര്‍ വളരെ കൌശലക്കാരാണ് . കുറുക്കന്റെ കൌശലത്തെപ്പട്ടിയുള്ള പല കഥകളും, ചൊല്ലുകളും ഒക്കെ നമ്മള്‍ കേട്ടിട്ടില്ലേ....
ലോകത്ത് ഏതാണ്ട് 27 ഇനം കുറുക്കന്മാരുണ്ട്. ഇവ പ്രധാനമായും നിശാസഞ്ചാരികളാണ് (nocturnal animals). നായയുടെ കുലത്തില്‍പ്പെട്ടവരാണെങ്കിലും, പൂച്ചയുടെ പല സ്വഭാവങ്ങളും ഇവയ്ക്കുണ്ട്; ഇരയെ കൊല്ലും മുന്‍പ് തട്ടിക്കളിക്കുക പോലുള്ള രീതികള്‍..എന്നാലും നായ്ക്കളുമായും പൂച്ചകളുമായും ഒരു ചങ്ങാത്തവും ഇവനില്ല. .50-60 ദിവസത്തെ ഗര്‍ഭലാലമുള്ള ഇവ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ അഞ്ച് വരെ കുഞ്ഞുങ്ങളെ പ്രസവിക്കും. ഈ കുഞ്ഞുങ്ങളെ ഇംഗ്ലീഷില്‍ 'kit' എന്ന് പറയും. നായ കുലത്തിലെ ഏറ്റവും ചെറിയ അംഗമാണിവന്‍. നാലുമുതല്‍ എട്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് 10-14 വര്‍ഷം ആയുസ്സുണ്ട്.
നീലക്കുറുക്കനും, കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന് പറഞ്ഞ കുറുക്കനും ഒക്കെ നമ്മുടെ മുത്തശ്ശിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണല്ലോ. ഈസോപ്പ് കഥകളിലും ഇവന്‍ പ്രമുഖന്‍ തന്നെ. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തില്‍ കുറുക്കന്‍ പ്രധാന സ്ഥാനമാണുള്ളത്.
ഇനി നമുക്ക് കുഞ്ഞ് കുറുക്കന്മാരെ ഒന്ന് കാണാം.... നല്ല സുന്ദരന്മാരല്ലേ...

കുറുക്കന്മാരുടെ കടിപിടിയും....

പതിവ് പോലെ നമുക്ക് ഇനി ഒരു കുറുക്കനെ വരയ്ക്കാന്‍ പഠിക്കാം....